അന്ന് വൈകുന്നേരം
അവന്‍ തകൃതിയായ പണിയിലായിരുന്നു .ലാപ്ടോപ്പിന്‍റെ ടോപ് ഉയര്‍ത്തി നിവര്‍ത്തി
വച്ചു. വട്ടത്തിലുള്ള ബട്ടണമര്‍ത്തി .കണ്ണ് ചിമ്മിത്തുറന്നു അത് ഉറക്കമുണര്‍ന്നു
.ചൂണ്ടുവിരല് കൊണ്ട് തടവിത്തടവി ഗൂഗിള്‍ ക്രോമിന്റെ കവിളിലൊന്നു തൊട്ടു .അതെല്ലാം
തുറന്നു കൊടുത്തു. അടുത്ത തൊടല്‍ ഫെയ്സ്ബുക്കിന്റെ ഫെയ്സില്‍ തന്നെ. പതിവിനു
വിപരീതമായി നേരെ പോയത് 'സൈന്‍ അപ്പി'ലേക്ക്. പുതിയ ഒരു
അക്കൗണ്ട് തുറക്കണം .തന്‍റെ കരളിന്നു വേണ്ടി . പൊന്നിങ്കുടത്തിനു പൊട്ടു വേണ്ട !.
പക്ഷെ ഫെയ്സ്ബുക്ക് അക്കൗണ്ട് വേണം!. പാട്ട് മാറ്റിപ്പാടി:
"മാല വേണം അത്തറ്
വേണം മൈലാഞ്ചി വേണം"
"പിന്നെ ഫെയ്സ്
ബുക്കില്‍ അവള്‍ക്കൊരു അക്കൗണ്ടും വേണം "
സമയം കളഞ്ഞില്ല
.ഫസ്റ്റ് നെയിം -ല്‍ തന്‍റെ വിരലുകള്‍ ചിത്രം വരച്ചു .എഴുതി വച്ചു: 'ഷഹാന'. ലാസ്റ്റ് നെയിം 'പര്‍വീന്‍' ആണ് എസ് എസ് എല്‍ സി ബുക്കില്‍ . പക്ഷെ ഇവിടെ അതിനെ കുറിച്ച് ആലോചിക്കേണ്ടി
വന്നില്ല . തെല്ലൊന്നു തലയുയാര്‍ത്തി അഭിമാനത്തോടെ എഴുതിവച്ചു. നൗഷാദ്. പിന്നെ
ആദ്യവും അവസാനവും ചേര്‍ത്ത് , തൊട്ടുരുമ്മി , കൊക്കുരുമ്മി , തെല്ലൊരു ചൂടോടെ എഴുതിവച്ചു : "ഷഹാനനൗഷാദ് ". കമ്പ്യൂട്ടര്‍ പിയനോയായി മാറി .സംഗീതം ചോക്ലേറ്റ് പോലെ
ഒലിച്ചിറങ്ങി . ഇനി വേണ്ടത് ഒരു പാസ്‌വേഡ്. മൊബൈല്‍ നമ്പര്‍ കൊടുത്താലോ ? .
വേണ്ട . ഒരു 'സുഖ'മില്ല. പിന്നെയോരാലോചന . കീറ്റ്സും വേഡ്സ് വര്‍ത്തും ഷെല്ലിയും
തോറ്റുപോകും .
'ഇമ്മാജിനേശന്‍'. ഇമ്മാതിരി ഒരു
ഇമ്മാജിനേശന്‍ ഇതുവരെ ആരും കണ്ടിട്ടുണ്ടാവില്ല .
അതെ , ആ പൂ വിരിഞ്ഞു. പൂന്തേന്‍ നാവിലേക്കെത്തി. പതുക്കെ മൃദുവായൊന്നു പറഞ്ഞു നോക്കി
.' ഷഹ്ഷാദ് '...
ആയിരത്തൊന്നുരാവുകള്‍
ഓര്‍മ്മ വന്നു. ഇനിയുള്ള രാവുകള്‍ അതിനെക്കാള്‍ സുന്ദരമല്ലേ ....
സുക്കര്‍ബര്‍ഗിന്റെ
ആളുകള്‍ പാസ് വേഡ് ഒന്ന് കൂടി എഴുതണമെന്നു പറഞ്ഞപ്പോള്‍ വളരെ സന്തോഷമായി . സുക്കര്‍ ബര്‍ഗിനു ഒരു ഫ്ലൈയിംഗ് കിസ്സ് കൊടുത്തു . പിന്നെ സ്വന്തം ഇ -മെയിലും കൊടുത്തു. ഇനി സൈന്‍ അപ്പ്.
അപ്പ്... അപ്പ്... അപ്പ് .. ആവേശം കൂടിക്കൂടി വന്നു.
പിന്നെയെല്ലാം പെട്ടെന്ന്‍ പെട്ടെന്ന് ചെയ്തു .
ഫോട്ടോയിലെത്തി. രണ്ടുവട്ടം
ആലോചിച്ചു .ഫോട്ടോ മൊബൈലില്‍ ഉണ്ട് . എടുത്തു നോക്കി. മതിമറന്നു പോയി . 'മതി ' എന്ന് പറഞ്ഞു
തിരിച്ചു വന്നു. ഇത് കൊടുക്കണ്ട . അനുഭവം ഗുരു. അവള്‍ക്കു സമാനമായത് കൊടുക്കാം . വേഗം അടുത്ത ടാബിലേക്ക് . ഗൂഗിള്‍ ഇമേജ് . എഴുതിക്കൊടുത്തു :
എ റെഡ് റെഡ് റോസ്...
എ സ്വീറ്റ് സ്വീറ്റ് റോസ്....
ഒന്ന് ഇമ വെട്ടിയപ്പോഴേക്കും ഇമേജ് എത്തി . പല പല മോഡലുകള്‍ .
ഇഷടപ്പെട്ടത് തിരഞ്ഞെടുത്തു . അപ് ലോഡ് ചെയ്തു.
അങ്ങനെ ഒരു പുതിയ അക്കൗണ്ട്. ഒരു ബഹളവുമില്ല . ലൈക് ഇല്ല , കമന്‍റ് ഇല്ല, ഫ്രണ്ട് റിക്വസ്റ്റ് ഇല്ല. തികച്ചും ഫ്രെഷ് . ആ പൂവിനെ പോലെത്തന്നെ .തന്‍റെ പ്രിയതമയുടെ അക്കൗണ്ട്. ഷാജഹാന്റെ താജ് മഹലിനേക്കാള്‍ മനോഹരം . അപ്ലോഡ് ചെയ്ത പൂവിനെന്തൊരു മണം!.
വേഗം സെര്‍ച്ച്
-ല്‍ പോയി. എഴുതി 'നൗഷാദ് '. പാര്‍ക്കില്‍ നിന്നെടുത്ത ചിരിക്കുന്ന ഫോട്ടോ ചരിച്ചുവച്ചിരിക്കുന്നു . പതുക്കെ ഒന്ന് തൊട്ടു. സ്പര്‍ശനേ സൗഖ്യം!. ആഡ് ഫ്രെണ്ടില്‍ തൊട്ട് മനസ്സുകൊണ്ട് ഒരു 'ഹസ്ബന്റ്
റിക്വസ്റ്റ് 'അയച്ചു . അപ്പോള്‍ തന്നെ മനസ്സുകൊണ്ട് സ്വീകരിച്ചു . ഖബൂല്‍ !
ഇരിക്കപ്പൊരുതിയുണ്ടായില്ല . വേഗം സൈന്‍ ഔട്ട് ചെയ്ത് തന്‍റെ
അക്കൌണ്ടിലേക്ക് പാഞ്ഞു . വേഗം കണ്ഫേം
ചെയ്തു. സ്വപ്ന സാക്ഷാത്കാരം . മനസ്സില്‍ ലടുവിനു പകരം തേന്‍ ഒലിച്ചിറങ്ങി. സമയം പന്ത്രണ്ടു മണി. ഈ
കൂരക്കൂരിരുട്ടിലും അവന്‍റെ മനസ്സില്‍ പാല്‍ പോലെ നിലാവ്
.
ഈ അക്കൗണ്ട് എന്‍റെ
പ്രിയതമക്ക് എന്‍റെ ആദ്യത്തെ സമ്മാനം . അന്ന്, ആ ദിവസം . അവള്‍
എന്‍റെ വീട്ടിലേക്കു വരുന്ന ദിവസം. എന്‍റെ കല്യാണ ദിവസം.
"ദൈവമേ കാത്തു കൊള്ളണേ ! അന്ന് ഇടിവെട്ടി മഴ പെയ്ത് ഇന്റര്‍നെറ്റ് കണക്ഷന്‍ പോകരുതേ
".-മനസ്സറിഞ്ഞ പ്രാര്‍ത്ഥന .
അന്ന്, അങ്ങനെ അവള്‍ അവന്‍റെ വീട്ടില്‍ കേറി വന്നു. മുല്ലപ്പൂവും നാണവും അണിഞ്ഞുകൊണ്ട്. പതുക്കെ പതുക്കെ. "ഫെയ്സ്ബുക്കില്‍ അപ്ലോഡ്
ചെയ്യാന്‍ നല്ലൊരു ഫോട്ടോ വേണം". ഫോട്ടോ ഗ്രാഫറോട് പറഞ്ഞു.
"ഓക്കേ സ്മൈല്‍ പ്ലീസ് "-.
ഒരു പ്ലീസിംഗ് സ്മൈല്‍.
എല്ലാവരും
പിരിഞ്ഞു. പെര്‍ഫ്യൂം മണക്കുന്ന തന്‍റെ റൂമിലെത്തി .അലമാരയില്‍ നിന്നും തന്‍റെ
ലാപ്ടോപ് എടുത്തു. തുറന്നു വച്ചു . ഉത്സാഹത്തോടെ
ലാപ്ടോപില്‍ കൈ ചലിച്ചു. ഒടുവില്‍
ഫെയ്സ്ബുക്ക് -സൈന്‍ ഇന്‍ . അവന്‍ അവളോട് പറഞ്ഞു: 'ഇങ്ങടുത്തു വാ'
അവള്‍ വന്നില്ല
...നാണം !
വീണ്ടും പറഞ്ഞു:
വാ !. നാണം അവിടെ വച്ച് പതുക്കെ ചെന്നു. അവന്‍ പറഞ്ഞു: 'നിനക്ക് ഞാന്‍ ഒരു സമ്മാനം തരാന്‍ പോകുകയാണ്. ഒരു ഫെയ്സ്ബുക്ക്
അക്കൗണ്ട്."
സ്വിസ് ബാങ്കിലെ
അക്കൌണ്ടൊന്നും ഒന്നുമല്ല .
അവളുടെ വായ നിറയെ മുത്തായിരുന്നു . അവളൊന്നും മൊഴിഞ്ഞില്ല . പിന്നെ മുത്തെല്ലാം വിഴുങ്ങിയിട്ട് പറഞ്ഞു: "അതിനു എനിക്കൊരു അക്കൗണ്ട് ഉണ്ടല്ലോ ".
ങേ ! ഞെട്ടിത്തരിച്ചു പോയി. ഇടിവെട്ടി മഴ പെയ്തു . എല്ലാ കണക്ഷനും പോയ പോലെ. ഊര്‍ജ്ജം തിരിച്ചെടുത്ത് അവന്‍
പറഞ്ഞു:"അത് സാരമില്ല , അതവിടെ ഇരിക്കട്ടെ !. ഇത് എന്‍റെ സമ്മാനമല്ലേ
. നിനക്കിതു മതി."
അവള്‍ പറഞ്ഞു:
"ഇക്കാ ,അത് പറ്റില്ല ! .എനിക്കെന്‍റെ
അക്കൗണ്ട് മതി. എന്‍റെ ഫ്രെണ്ട്സെല്ലാം അതിലാണ് . ഇത് എനിക്ക് വേണ്ട!"
എല്ലാം അറുത്തു മുറിച്ചു പറഞ്ഞു.
അവന്‍ നിന്ന് വിറച്ചു . എന്നിട്ട് പറഞ്ഞു:" നീ ജീവിക്കാന്‍ പോകുന്നത് എന്‍റെ വീട്ടിലാ .നീ ഇപ്പോള്‍ ഇട്ടിരിക്കുന്നത് ഞാന്‍ വാങ്ങിയ വസ്ത്രങ്ങളാ . നീ ഭക്ഷണം കഴിക്കുക ഇവിടുന്നാ . നീ ഉറങ്ങാന്‍ പോകുന്നത് ഇവിടെയാ ......അത് കൊണ്ട് നിനക്ക് ഇവിടുത്ത് ഈ അക്കൗണ്ട്
മതി."
അവള്‍
തിരിച്ചടിച്ചു : "അത് നടക്കില്ല , എനിക്കെന്‍റെ
മനസ്സും ശരീരവും പോലെത്തന്നെയാണ് എന്‍റെ ഫെയ്സ്ബുക്കും ഫ്രണ്ട്സും . എനിക്ക് എന്റേത് മതി. ഇതെന്‍റെ അവസാന വാക്കാണ് ."
ഇത് കേട്ടതും അവന്‍ അടിവരയിട്ടുകൊണ്ട്
പറഞ്ഞു:"
എങ്കില്‍ വസ്ത്രമൊന്നും
അഴിച്ചു വെക്കണ്ട ! നിന്നെ നിന്‍റെ വീട്ടില്‍ തന്നെ കൊണ്ടാക്കിത്തരാം."
-സിറാജുദ്ദീന്‍
പി.സി
No comments:
Post a Comment